ആദ്യം മനുഷ്യരാവുക.! , പിന്നെ മുസ്ലിംകളാവുക...!
കേരളത്തിലെ മുസ്ലിംകളില് വലിയൊരു വിഭാഗം അല്ലാഹുവിലും തിരുനബിയിലും വിശ്വസിക്കുന്നവരല്ല. മറിച്ച് അവര്‍ സുന്നികളോ, മുജാഹിദുകളോ ആണ്. ജമാഅത്തുകാരോ, തബ്ലീഗുകാരോ ആണ്. സുന്നികളില്‍ തന്നെ എ.പിയോ, ഇ.കെയോ ആണ്. മുജാഹിദുകളില്‍ മടവൂര്‍ ഗ്രൂപ്പുകാരോ ഒറിജനലുകളോ ആണ്. അല്ലെങ്കില്‍ സോളിഡാരിറ്റിയോ, എന്.ഡി.എഫോ ആണ്. അവര്‍ വിശ്വസിക്കുന്നത് അവരുടെ സംഘടനകളിലും നേതാക്കളിലുമാണ്. അത്കൊണ്ടുതന്നെ അവരവരുടെ പ്രസ്ഥാനങ്ങള്ക്കും നേതാക്കള്ക്കും നേരെ ഉയരുന്ന വെല്ലുവിളികളേയും സാമ്പത്തികവും വ്യക്തിപരവും സംഘടനാപരവുമായ ആരോപണങ്ങളേയും ഏത് മാര്ഗ്ഗത്തിലും പ്രതിരോധിക്കേണ്ടത് അവരുടെ ആവശ്യവും നിര്ബന്ധ ബാദ്ധ്യതയുമായി മാറുന്നു. പ്രതിരോധത്തിനു സ്വീകരിക്കുന്ന മാര്ഗ്ഗങ്ങളുടെ ധാര്മ്മികതയോ ശരിതെറ്റുകളോ അതിനാല്തന്നെ അവര്ക്ക് പ്രശ്നമാവുന്നില്ല.
ഇവരില്‍ ചിലര്‍ സത്യം മനസ്സിലായിട്ടും അതു നിഷേധിക്കുന്ന “സത്യനിഷേധി” കളാണെങ്കില്‍ മറ്റു ചിലര്‍ താന്‍ ചെയ്യുന്നതെന്താണെന്ന് താനറിയാത്ത പരമ വിഡ്ഢികളാണ്. വേറെ ചിലര്‍ രാജാവ് നഗ്നനാണെന്നറിഞ്ഞിട്ടും അതു വിളിച്ചു പറയാന്‍ ധൈര്യപ്പെടാത്ത ഭീരുക്കളും കൂട്ടത്തില്‍ ചിലര്‍ നേതൃഭക്തി മുത്ത് നേതാവ് പറയുന്നതിനെന്തിനും “അങ്ങിനെത്തന്നെ സിന്ദാബാദ്, അങ്ങിനെത്തന്നെ സിന്ദാബാദ്” വിളിക്കുന്ന അടിമകളും, വയറ്റില്പിഴപ്പിനു മുന്നില്‍ ഇസം പ്രശ്നമാക്കാത്ത “പാവങ്ങളും” ഒഴുക്കിനൊപ്പം നീന്തുന്ന “നിഷ്കളങ്കരു” മെല്ലാം ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇവരൊന്നും പ്രതിനിധീകരിക്കുന്ന ഇസ്ളാം റസൂല്‍ പഠിപ്പിച്ച അല്ലാഹുവിന്റെ മതവുമായി ചില കര്മ്മശാസ്ത്ര കാര്യങ്ങളിലെ സാദൃശ്യം മാറ്റിവെച്ചാല്‍ മറ്റുകാര്യങ്ങളില്‍ പെരുത്തൊന്നും പൊരുത്തപ്പെടുന്നില്ല. ഒരാള്‍ ധാരാളമായി മതം പഠിച്ചതുകൊണ്ടോ ഒന്നിലധികം ഡോക്ടറേറ്റ് നേടിയതുകൊണ്ടോ അദ്ദേഹം പണ്ഡിതനോ ഡോക്ടറോ ആവാമെങ്കിലും ഒരു യഥാര്ത്ഥ മതവിശ്വാസിയോ മാതൃകാപുരുഷനോ ആവണമെന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം ആളുകളെ അന്ധമായി അനുകരിക്കുന്നതും നേതാവായി അംഗീകരിക്കുന്നതും ദോഷകരമായി ഭവിക്കാം.
നാം മുസ്ലിംകള് നമ്മുടെ കൊച്ചുകേരളമടക്കം ലോകം മുഴുവന്‍ ഇസ്ലാമികഭരണം സ്ഥാപിക്കണമെന്നും അതുവഴി സത്യവും സമത്വവും സമാധാനവും കളിയാടണമെന്ന് ആഗ്രഹിക്കുന്നവരും ഇസ്ലാമിക ഭരണത്തിലൂടെ മാത്രമേ അത് സാധ്യമാവൂ എന്നു വിശ്വസിക്കുന്നവരുമാണ്. എന്നാല്‍ ദൈവം തമ്പുരാനെങ്ങാനും ഈ കൊച്ചുകേരളത്തിന്റെ ഭരണം കേരളത്തിലെ ഇന്നെത്തെ മുസ്ലിം ഉമ്മത്തിനെ ഏല്പ്പിച്ചാലുണ്ടാവുന്ന ഭവിഷ്യത്തിനെക്കുറിച്ച് നമ്മളാരെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ആഭ്യന്തരവകുപ്പെങ്ങാനും എന്‍.ഡി.എഫിനെ ഏല്‍പ്പിച്ചാല്‍ ഏതെങ്കിലും സോളിഡാരിറ്റിക്കാരന് ഉയിരോടെയിരിക്കുമോ? എ.പി സുന്നികളാണ് ഭരണത്തിലെങ്കില്‍ മലയാളത്തില്‍ ഖുത്തുബ നടത്തുന്ന, പെണ്ണുങ്ങള് നമസ്കരിക്കുന്ന പുത്തനാശയക്കാരുടെ പള്ളികള്‍ ഒന്നെങ്കിലും നാട്ടില്‍ അവശേഷിക്കുമോ? ഇനി ഔദ്യോഗിക മുജാഹിദുകള്ക്കാണ് വകുപ്പെങ്കില്‍ മടവൂര്‍ ഗ്രൂപ്പുകാരുടെ ഉടലില്‍ തല കാണുമോ മൌലിദും റാത്തിബുമോതുന്ന ഖബര്‍ കെട്ടിപൊക്കിയ കാസര്ഗോഡു മുതല്‍ തിരുവനന്തപുരം പള്ളികളുടെയും മഖാമുകളുടെയും സ്ഥിതിയെന്താവും? മടവൂര്‍ ഗ്രൂപ്പുകാര്‍ക്കാണ് ആദിപത്യമെങ്കില് ജിന്നിനെ ഒഴിപ്പിക്കുന്ന കുട്ടിച്ചാത്തന്സേവ നടത്തുന്ന ഔദ്യോഗികക്കാരുടെ മന്ത്രവാദസെന്ററുകള് തരിപ്പണമാവില്ലേ? ഇനി കേരളത്തില്‍ നിലനില്‍ക്കുന്ന മുന്നണിസംവിധാനം പിന്തുടര്ന്ന് വിവിധ മുസ്ലിം ഗ്രൂപ്പുകളെ ചേര്ത്തുള്ള ഒരു മുസ്ലിം ഐക്യമുന്നണിയെയാണ് പടച്ചവന് ഭരണമേല്പ്പിക്കുന്നതെങ്കില് ഹജ്ജ് ക്യമ്പിന്റെ സംഘാടകസമിതിയില്‍ ഉണ്ടായതിലും വലിയ കസേരയേറിനും തെറിവിളിക്കും കയ്യാങ്കളി ക്കുമാവില്ലേ മുന്നണിയോഗങ്ങളും മന്ത്രിസഭായോഗങ്ങളും സാക്ഷ്യം വഹിക്കേണ്ടിവരിക? അങ്ങിനെ ഇന്നത്തെ ഫാസിസ്റു താല്പര്യങ്ങള് സംരക്ഷിക്കപ്പെടുന്നുവെന്ന് ആക്ഷേപിക്ക പ്പെടുന്ന ഭരണത്തില്‍ നിലനില്‍ക്കുന്ന സമാധാനംപോലും മുസ്ലിം ഉമ്മത്തിന് നഷ്ടപ്പെടു കയാവില്ലേ ഫലം? ചുരുക്കത്തില്‍ ഓരോ നമസ്ക്കാരത്തിനുശേഷവും പ്രാര്ത്ഥിക്കുന്ന കൂട്ടത്തില്‍ പടച്ചവനെ ഈ നാടിന്റെ ഭരണം മുസ്ലിംകളുടെ കൈകളിലേല്പ്പിക്കല്ലേ തമ്പുരാനെയെന്ന് ആത്മാര്ത്ഥമായി പ്രാര്ത്ഥിക്കേണ്ട ഗതികേടിലല്ലേ ഈ മുസ്ലിം ഉമ്മത്ത്.
ആദ്യം മനുഷ്യരാവുക.! , പിന്നെ മുസ്ലിംകളാവുക...!
No comments:
Post a Comment